പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പൊതുജനങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന വ്യാജ പ്രവാസി ഏജന്‍സികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രവാസികാര്യ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് സോഫി തോമസ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.
വ്യാജ ഏജന്‍സികളുടെ തട്ടിപ്പിന് ഇരയായ നിരവധി കേസുകള്‍ കമ്മീഷന് ലഭിക്കുന്നുണ്ട്.
വ്യാജ ഏജ്സികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനൽ, സിവില്‍, റിക്രൂട്ട്മെന്റ് തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ്, വ്യാജ വീസ തുടങ്ങിയ വിഷയങ്ങളാണ് കൂടുതലും കമ്മീഷനു മുമ്പില്‍ എത്തുന്നത്. പരാതികളില്‍ വേഗം പരിഹാരം കണ്ടെത്തുന്നതിനൊപ്പം പ്രവാസികള്‍ക്ക് നിയമസഹായവും മാര്‍ഗനിര്‍ദ്ദേശവും കമ്മീഷന് നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ മറ്റു ജില്ലക്കാരുടെ പരാതിയും അദാലത്തില്‍ പരിഗണിക്കും.
കമ്മീഷന്റെ പുതിയ വെബ്സൈറ്റ് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ഇതിലൂടെ പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. പരാതിയുടെ സ്ഥിതിയും തുടര്‍നടപടിയും അറിയാനും അന്തിമ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യം ഒരുക്കും. നിലവിലെ കമ്മീഷന്റെ പതിനൊന്നാമത്തേതും ജില്ലയിലെ ആദ്യ അദാലത്തുമാണ് സംഘടിപ്പിച്ചത്.
കമ്മീഷന് അംഗങ്ങളായ ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം. എം. നയീം, ജോസഫ് ദേവസ്യ പൊന്മന്കല് എന്നിവര്‍ പങ്കെടുത്തു.